ഒന്നും ഒന്നും?


“ടെക് യുവര്‍ നോട്ട്ബുക്ക് ആന്‍ഡ്‌കോപ്പി ദിസ്‌ ഡൌണ്‍!”

തലേന്ന് പഠിപ്പിച്ച സൌരയൂഥത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ബോര്‍ഡില്‍ എഴുതുന്നതിന് മുന്‍പേ സാര്‍ നിര്‍ദേശിച്ചു.

“സര്‍ നോട്ടാ ബുക്കാ സാര്‍?”
മുന്‍ബെഞ്ചില്‍ നിന്നും കാര്‍ത്തിക്ക് ആണ്.

അതുല്‍ സാര്‍ കണ്ഫൂഷനിലായി.
പാഠപുസ്തകത്തെ ‘ബുക്ക്’ എന്നും നോട്ട്ബുക്കിനെ ‘നോട്ട്’ എന്നും മാത്രം അഭിസംബോധന ചെയ്യുന്ന മറ്റു ടീച്ചര്‍മാരുടെ പ്രശ്നമാണ്.

“ശരി നോട്ട് എടുക്ക്” സാര്‍ സംഗതി തീര്‍പ്പാക്കി.

“ചിന്ന നോട്ടാ പെരിയ നോട്ടാ സാര്‍” പിന്ബെഞ്ചില്‍ നിന്നുമാണ്.

‘എന്തെങ്കിലും എടുക്കെടെയ്’ എന്നു സാര്‍ മനസ്സില്‍ പറഞ്ഞു.

“ശരി. പെരിയ നോട്ട് എട്”

“എടുത്താച്ച് സാര്‍ എടുത്താച്ച് സാര്‍” ക്ലാസിന്റെ കോറസ്.

“ഓക്കേ. നൗ കോപി ദിസ്‌ ഡൌണ്‍”
അതുല്‍ സാര്‍ ചോക്കിന്‍മുനയാല്‍ വാക്കുകളെ അരിഞ്ഞിടാന്‍ തുടങ്ങി.

“സര്‍, പെന്നാ പെന്‍സിലാ സാര്‍?”

“പെന്നിലെ എഴുത്” 

“സര്‍, പെന്‍ ഇല്ല സര്‍”

“സരി, അപ്പൊ പെന്‍സിലിലെ എഴുത്”
സാറിന്റെ തലയില്‍ നിന്നും അതിരാവിലെ തന്നെ സാമാന്യം വലിപ്പമുള്ള പുകച്ചുരുളുകള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു.

ദൂരെയെങ്ങോ കിടന്നു വട്ടം കറങ്ങുന്ന ആകാശഗോളങ്ങളെ പസങ്കകള്‍ അരമാര്‍ക്ക് ചോദ്യോത്തരങ്ങളായി തങ്ങളുടെ നോട്ടുബുക്കുകളില്‍ തരംതാഴ്ത്തി തുടങ്ങി.

ഒരു നിമിഷം , ശാന്തനായി ഈ അസുലഭമുഹൂര്‍ത്തത്തെ വീക്ഷിച്ചുകൊണ്ടിരുന്ന അതുല്‍ സാറിനെ നോക്കി മോനിഷ അലറി.

“മൂവ് സാര്‍”
സാറിന്റെ ഭ്രമണപഥം ബോര്‍ഡിനെ മറയ്ക്കുന്നെന്നും അതിനാല്‍ സാറിനോട് മാറിനില്‍ക്കാനും ആണ് നിര്‍ദേശം.

“മിസ്‌ മോനിഷ, സാര്‍ മാറിനിന്നാല്‍ ഈ ബ്ലാക്ക്ബോര്‍ഡില്‍ ആര് വന്ന് അക്ഷരങ്ങള്‍ നിറയ്ക്കും?”

സാറിന്റെ വാക്കുകള്‍ IV b ക്ലാസിന്റെ നാല് ചുവരുകളില്‍ ഗാംഭീര്യത്തോടെ പതിച്ചു.
കാക്കതൊള്ളായിരം കടമ്പകള്‍ താണ്ടി സാര്‍ ബോര്‍ഡു മുഴുവനും എഴുതി നിറച്ചു.

ഒടുവില്‍, അര മണിക്കൂറത്തെ കഷ്ടപ്പാടിനു ശേഷം, ക്ലാസ് മുഴുവനും ഒരു പേജോളം എഴുതിത്തീര്‍ത്തെന്നു കണ്ടപ്പോള്‍ സര്‍ ദീര്‍ഘമായൊന്നു നിശ്വസിക്കാന്‍ പ്ലാനിട്ടു.
പക്ഷെ മൂന്നാം ബെഞ്ചില്‍ മാനം നോക്കിയിരിക്കുന്ന പ്രിയയെ കണ്ടതും സാറിന്റെ പ്ലാന്‍ പാടെ പാളി.

പ്രിയ, മെലിഞ്ഞു വിളറി കുഞ്ഞായിരിക്കുന്നൊരു കുട്ടി, ജനാലയിലൂടെ വാനനിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്..

“മിസ്‌ പ്രിയ, ക്വസ്ട്ട്യന്‍ ആന്‍സര്‍ മുഴുവനും എഴുതിക്കഴിഞ്ഞിട്ടാണോ നീ ഇങ്ങനെ ഇരിക്കുന്നത്?”
സാറിന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നുയര്‍ന്നു മേല്‍ക്കൂരയില്‍ തട്ടി.

പ്രിയ എന്ന കുഞ്ഞു പെണ്‍കുട്ടി നിഷ്കളങ്കമായ ചിരിയോടെ  സാറിനെ നോക്കി ചോദിച്ചു.

“എന്ന എഴുതണം സാര്‍?!!!”
സാറിന്റെ കിളി പോയി.


ഇതാണ് പ്രിയ.

പ്രിയയെ കൂട്ടല്‍ പഠിപ്പിക്കുന്നത് എന്ന ഹിമാലയന്‍ ദൌത്യത്തിലെക്കാണ് ഇന്ന് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
കൂട്ടല്‍ അഥവാ അഡീഷന്‍ എന്നൊക്കെ പറയുന്നത് പൂ പറിക്കുന്നത്‌ പോലെ സിമ്പിളായൊരു കാര്യമാണെന്നാണല്ലോ അന്നൊക്കെ അതുല്‍ സാര്‍ കരുതിയിരുന്നത്.
അതും തന്നെപ്പോലെ ഞരമ്പുകള്‍ക്കുള്ളില്‍ രക്തത്തിന് പകരം സര്‍ഗാത്മകചേതനയോടുന്ന ഒരു അധ്യാപകശ്രേഷ്ഠന് ഇതൊക്കെ വെറും പീക്കിരിപ്പരിപാടിയാവണമല്ലോ.

നാലാം ക്ലാസിലെത്തിയിട്ടും പ്രിയയ്ക്ക് ഇപ്പോഴും ‘ഒന്നും ഒന്നും എത്രയാണ്’ എന്ന് പോലും അറിയില്ലെന്ന കവിഭാരതിയുടെ ഗോസിപ്പ് സര്‍വീസില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്.
ഒന്നില്‍ നിന്നു തുടങ്ങാന്‍ തന്നെ അതുല്‍ സാര്‍ തീരുമാനിച്ചു.

“ഒന്നും ഒന്നും എത്രയാണ് പ്രിയാ?”
അരുതാത്തതെന്തോ ചോദിച്ച മട്ടില്‍ പ്രിയ അതുല്‍ സാറിനെ  രൂക്ഷമായൊന്നു നോക്കി.
എന്നിട്ട് ചിരിക്കാന്‍ തുടങ്ങി.

“ആറ്”
പ്രിയയുടെ മറുപടി കേട്ടതും ആരോ തങ്ങളെ ഇക്കിളികൂട്ടിയതു പോലെ ക്ലാസ് ഒന്നടങ്കം ഇളകിചിരിക്കാന്‍ തുടങ്ങി.

അതുല്‍ സാറിനു ചിരി വന്നില്ല.

പ്രിയയെ മുന്പ് പഠിപ്പിച്ച കണക്കുടീച്ചര്‍മാരെയെല്ലാം ചീത്ത വിളിക്കാനാണ് തോന്നിയത്.

അങ്ങനെയാണ് പ്രിയയ്ക്കും, കണക്കില്‍ ഇത്തിരി പിന്നോട്ട് ആയിരുന്ന മറ്റു രണ്ടു കുട്ട്യോള്‍ക്കുമായി, സ്കൂള് വിട്ടതിനു ശേഷം എക്സ്ട്രാക്ലാസുകള്‍ ആരംഭിക്കാന്‍ സാര്‍ തീരുമാനിക്കുന്നത്.

കുട്ടിപ്പട്ടാളം പിന്‍വാങ്ങിയ ശേഷം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ കിടന്ന ക്ലാസ്റൂമില്‍ വെച്ച് പ്രിയയെയും മറ്റു രണ്ടു പേരെയും കണക്കിന്റെ ലോകത്തേക്ക് അതുല്‍ സാര്‍  ഹാര്‍ദമായി ക്ഷണിച്ചു.

രണ്ടു ചോക്ക് പീസുകള്‍ മേശപ്പുറത്തു നിരത്തിയിട്ട് അധ്യാപകശ്രേഷ്ഠന്‍ ചോദിച്ചു.

“ഇങ്ക പാര് പ്രിയാ, ഇപ്പൊ എത്ര ചോക്ക് പീസ് ഉണ്ട് ഈ മേശപ്പുറത്ത്?”

കുസൃതിച്ചിരിയോടെ പ്രിയ പറഞ്ഞു.
“രണ്ട്”

അടിപൊളി. കറക്റ്റ് ആണല്ലോ.

അന്തരീക്ഷത്തില്‍ നിന്നും ഒരു ചോക്ക് പീസ്‌ കൂടി പ്രത്യക്ഷമാക്കി സാര്‍ മേശപ്പുറത്തു വെച്ചു.

“മുന്നാടി രണ്ടു ചോക്ക് പീസ്‌ ഇരുക്കെ. ഇപ്പൊ നാന്‍ ഒരു ചോക്ക് പീസ്‌ കൂടെ വെച്ചു. ഇപ്പൊ എവളോ ചോക്ക് പീസിരുക്ക്?”

‘ഇത്ര എളുപ്പമായിട്ടുള്ള ചോദ്യങ്ങളൊക്കെ ആണോ മണ്ടാ ഈ നാലാം ക്ലാസുകാരിയായ തന്നോട് ചോദിക്കുന്നത്’ എന്നൊരു ഭാവത്തില്‍ പ്രിയ ഉത്തരം പറഞ്ഞു.

“മൂന്നു, സാര്‍”

‘ശ്ശെടാ, കൊള്ളാമല്ലോ. ഇവള്‍ക്ക് കണക്ക് അറിയില്ലെന്ന് ആരാണാവോ പറഞ്ഞത്’
സാറിനു സന്തോഷമായി.

“ശരി. അപ്പൊ ഇന്ത മൂന്നു ചോക്ക് പീസ് കൂടെ  നാല് ചോക്ക് പീസ് കൂടെ  വെച്ചാല്‍ എത്തന ചോക്ക് പീസ്‌ മൊത്തമാ ഇരുക്കും.? സൊല്ലുങ്ക, പാക്കലാം.”

ഒരു സെക്കണ്ട് പോലും വൈകാതെ ഉത്തരം വന്നു.

“അഞ്ചു.”
സാര്‍ ഞെട്ടി. നാലും മൂന്നും അന്ജോ?

ശരി.
അക്കങ്ങള്‍ തമ്മിലുള്ള അന്തര്‍ധാര അത്ര സജീവമല്ലെന്നു വേണം കരുതാന്‍.
താന്‍ കുറച്ചു കഷ്ടപ്പെടേണ്ടിയിരിക്കുന്നു.

ഇതേ വര്‍ഷം തന്നെ അങ്ങ് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് വരെയുള്ള ഹരണവും ഗുണനവും എല്ലാം പ്രിയ പഠിക്കാനുള്ളതാണെന്നും അത് പഠിപ്പിക്കേണ്ടത് താന്‍ തന്നെയാണെന്നും ഓര്‍ത്തപ്പോള്‍ സാറിന്റെ കണ്ണില്‍ ഇരുട്ട കയറി.

സമയം ഒട്ടും കളയാനില്ല.

എന്ജിനീറിങ്ങിലും മറ്റും പഠിച്ച കാല്‍ക്കുലസും കൊടച്ചക്രവുമെല്ലാം സാര്‍ മനസ്സില്‍ നിന്നുമെടുത്ത് ദൂരെയെറിഞ്ഞു.
എന്നിട്ട്, ഒന്ന് മുതല്‍ ഇരുപതു വരെയുള്ള അക്കങ്ങളെ മാത്രം മനസ്സില്‍ ബാക്കി നിര്‍ത്തി.

“അതായത്, പ്രിയാ. പ്രിയയുടെ കയ്യില്‍ ഇപ്പൊ മൂന്ന് ആപ്പിള്‍ ഉണ്ട്”

“ഇല്ല സാര്‍” പ്രിയ തീര്‍ത്ത് പറഞ്ഞു.

“അല്ലാ, അന്ത മാതിരി യോസിക്ക്. ഇമാജിന്‍, ഇമാജിന്‍.”

‘ഇല്ലാത്ത ആപ്പിളിനെപ്പറ്റി എന്തിന് ആലോചിക്കണം’ എന്ന് മനസ്സിലാവാത്ത പ്രിയ ‘അതുല്‍ സാറിനു വട്ടാണോ’ എന്ന മട്ടില്‍ സാറിനെ കൂലംകഷമായി നോക്കി.

“പ്രിയയുടെ കയ്യില്‍ മൂന്നു ആപ്പിള്‍ ഉണ്ട്. ഇനിയിപ്പോ പ്രിയയ്ക്ക് ദേ അരുണ ഒരു നാല് ആപ്പിള്‍ തന്നു എന്നിരിക്കട്ടെ”

“ഞാന്‍ എന്തായാലും കൊടുക്കില്ല സാര്‍”
അടുത്തിരുന്ന് രംഗം വീക്ഷിച്ചു കൊണ്ടിരുന്ന അരുണ തീര്‍ത്തു പറഞ്ഞു.

സാറിനു കലി വന്നു.
“ഇമാജിന്‍ ഇമാജിന്‍. ആലോചിക്കാന്‍”

“അവള്‍ തരില്ല സാര്‍. ഇന്നലെ ഒരു റബര്‍ ചോദിച്ചിട്ട് പോലും അവള്‍ തന്നില്ല”
പ്രിയ വിഷമത്തോടെ പറഞ്ഞു.

അതുല്‍ സാറിനു കരച്ചില്‍ വന്നു.

“ഇമാജിന്‍ ന്നു. ഇനി ആരും ഒരക്ഷരം മിണ്ടിപ്പോകരുത്. ഞാന്‍ പറയുന്നത് അങ്ങോട്ട്‌ കേട്ടാല്‍ മതി.”
പ്രിയയും അരുണയും വാ പൊത്തി.

“പ്രിയയുടെ കയ്യില്‍ മൂന്നു ആപ്പിള്‍. അരുണ നാലെണ്ണം കൂടിത്തന്നു. അങ്ങനെയാണെങ്കില്‍ ഇപ്പൊ പ്രിയയുടെ കയ്യില്‍ മൊത്തം എത്ര ആപ്പിള്‍ ഉണ്ടാവും?”
പ്രിയയും അരുണയും മുഖത്തോട് മുഖം നോക്കി ഇരുന്നു.

രണ്ടു മിനുറ്റ് കഴിഞ്ഞിട്ടും ഉത്തരം വരാത്തത് കണ്ട സാറിനു കലി വന്നു.

“എന്തെങ്കിലും ഒന്ന് വായ തുറന്നു പറയാമോ രണ്ടു പേരും?”

“അപ്പൊ മിണ്ടരുതെന്ന് പറഞ്ഞതോ?”
സാറിന്റെ കിളി പോയി.

പ്രിയ വീണ്ടും കുടുകുടാ ചിരിക്കാന്‍ തുടങ്ങി.
സാറിനു ദേഷ്യം വന്നു.

‘ഇവരെ വളരെ വ്യവസ്ഥാപിതമായ രീതിയില്‍ പഠിപ്പിചിട്ടേ കാര്യമുള്ളൂ.’

ചെറിയ ക്ലാസിലെ കുട്ടിപ്പസന്കകള്‍ വിരലില്‍ എണ്ണി കണക്കു കൂട്ടാന്‍ പഠിക്കുന്ന രീതി സാര്‍ മനസ്സിലോര്‍ത്തു.

“ദേ, ഇവിടെ നോക്ക്. സംഗതി വളരെ സിമ്പിള്‍ ആണ് കുട്ട്യോള്‍സ്”
മാനത്തെക്കുയര്‍ത്തിയ തന്റെ വലതു കൈപ്പത്തിയിലേക്ക് സാര്‍ കുരുന്നുകളുടെ ശ്രദ്ധ ക്ഷണിച്ചു.

“പ്രിയാ, നമുക്ക് കൂട്ടേണ്ടത് മൂന്നു ആപ്പിളും നാല് ആപ്പിളുമാണ്. ഓര്‍ത്തു വെച്ചോണം”
പ്രിയ തലയാട്ടി.

അതീവശ്രദ്ധയോടെ മൂന്ന് ആപ്പിളുകളെ വിടര്‍ത്തിപ്പിടിച്ച മൂന്നു കൈവിരലുകളിലെക്ക് പറിച്ചു നട്ടുകൊണ്ടു അതുല്‍ സാര്‍ പറഞ്ഞു.

“മൂന്നു ആപ്പിളിന് പകരം നമ്മുടെ മൂന്നു വിരല്‍ ദിങ്ങനെ വെക്കണം. ഇപ്പൊ കയ്യില്‍ എത്ര വിരലുണ്ട്?”

“അഞ്ചു”
നിസ്സംശയം പ്രിയ പറഞ്ഞു.

“ശ്ശെ, അതല്ലെന്നു, വിടര്‍ത്തിപ്പിടിച്ച എത്ര വിരലുണ്ട്?”
പ്രിയ അന്തിച്ചു നിന്നു.

“ശ്ശെടാ..ഇത് കണ്ടില്ലേ, വിടര്‍ത്തി പിടിച്ച മൂന്നു വിരലുണ്ട്.”
സാര്‍ തുടര്‍ന്നു.

“അപ്പോ ‘ത്രീ ഇന്‍ ദി ഫിന്ഗര്‍സ്’ ന്നു പറയണം. എന്ത് പറയണം?”

കണക്കുകൂട്ടലിന്റെ ഗുട്ടന്‍സ് ഒന്നും മനസ്സിലായെങ്കിലും പ്രിയ സാര്‍ പറഞ്ഞത് ആവര്‍ത്തിച്ചു.

“ത്രീ ഇന്‍ ദി ഫിന്ഗര്‍സ്.”

“ഓക്കേ. ഇനി നാല് ആപ്പിള്‍ നമ്മള്‍ ഇതിന്റെ കൂടെ കൂട്ടാന്‍ പോവാണ്. അത് നമ്മള്‍ മനസ്സില്‍ ഇങ്ങനെ ഓര്‍ത്തു വെക്കണം. എന്നിട്ട് പറയണം ‘ഫോര്‍ ഇന്‍ ദി മൈന്‍ഡ്.’ എന്ത് പറയണം?”

“ഫോര്‍ ഇന്‍ ദി മൈന്‍ഡ്”.
അതുല്‍ സാറിനു കാര്യമായ എന്തോ തകരാറുണ്ടെന്നു പ്രിയയ്ക്ക് ഇതിനോടകം തോന്നിത്തുടങ്ങിയിരുന്നു.

“ഓക്കേ. ഇത് വരെ വളരെ ശരിയാണ്. ഇനീപ്പോ കൂട്ടാം.”
ടെക്നിക്ക് പിടികിട്ടാത്ത ലാലെട്ടനെപ്പോലൊരു നോട്ടം പ്രിയ പാസാക്കി.

“ആഫ്റെര്‍ ത്രീ, നമ്മള്‍ കൂട്ടാന്‍ പോവാണേ, നാല് ആപ്പിള്‍ കൂടെ കൂട്ടാന്‍ പോവാണ്.”
മടക്കിപ്പിടിച്ച കൈവിരലുകള്‍ ഓരോന്നായി വിടര്‍ത്തിക്കൊണ്ട് സാര്‍ പറഞ്ഞു.

“ആഫ്റ്റര്‍ ത്രീ....... ഫോര്‍, ഫൈവ്, സിക്സ് ആന്‍ഡ് സെവന്‍”

“....സിക്സ് ആന്‍ഡ് സെവന്‍”
പ്രിയയും ആവര്‍ത്തിച്ചു.

“ഇപ്പോള്‍ കയ്യില്‍ വിടര്‍ത്തിപ്പിടിച്ച ഏഴു വിരലുകളുണ്ട്. അപ്പൊ നമ്മുടെ ഉത്തരം ഏഴു താനേ പ്രിയാ?
എത്ര സിമ്പിള്‍ ആണെന്ന് നോക്കിക്കേ!. പുരിന്ജതാ?”

“ആമാ സാര്‍. സെമ്മ ഈസി സാര്‍”

പ്രിയയും അരുണയും യുവരാജും കുടുകുടാ ചിരിച്ചുകൊണ്ട് സമ്മതിച്ചു.
പാതിപ്പണി കഴിഞ്ഞു എന്നോര്‍ത്ത് അതുല്‍ സാര്‍ സമാധാനിച്ചു.

“ശരി, ഇനി നോക്കാം. അഞ്ചു ആപ്പിളിന്റെ കൂടെ ആറു ആപ്പിള്‍ ചേര്‍ത്താല്‍ എത്രയാ? 
സൊല്ലുങ്ക പാക്കലാം”
അതുല്‍ സാര്‍ പുഞ്ചിരിയോടെ ചോദിച്ചു.

“എന്ന സാര്‍, ഉങ്കളുക്കെല്ലാം ഈസി ക്വസ്റ്റ്യന്‍. എനക്ക് മട്ടും റൊമ്പ കഷ്ടമാനത് താന്‍ തരുവീങ്കളാ?”
പ്രിയ പ്രതിഷേധിച്ചു.

“ശരി, വേണ്ടാ. മൂന്നു മാന്ഗോവുടെ കൂടെ ഇന്നൊരു മൂന്നു മാന്ഗോ സേര്‍ത്താല്‍ എവളോ? സോല്ലുന്കെ, പാക്കലാം”

“പത്ത്, സാര്‍”
ഒരു നിമിഷം പോലും ആലോചിക്കാതെ പ്രിയയുടെ മറുപടി വന്നു.

അതുല്‍ സാറിന്റെ ഹൃദയം തകര്‍ന്നു.

“ശേ അങ്ങനെ പറയല്ലേ, ഞാന്‍ ഇപ്പൊ പഠിപ്പിച്ചു തന്നത് പോലെ പറയ്‌.
ത്രീ ഇന്‍ ദി ഫിന്ഗര്‍, ത്രീ ഇന്‍ ദി മൈന്‍ഡ്. ആഫ്റ്റര്‍ ത്രീ?”
അതുല്‍ സര്‍ പ്രോംപ്റ്റ് ചെയ്തു.

“അയ്യാ. നീങ്ക പൊങ്ക സര്‍. അതെല്ലാം മുടിയാത്.”
പ്രിയ കലിപ്പിലായി.

“അയ്യേ, അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, നമുക്ക് അഡീഷന്‍ പഠിക്കണ്ടേ?”

“വേണ്ട.”

“അയ്യയ്യോ. അത് പറ്റില്ല. ഇതൊക്കെ രണ്ടാം ക്ലാസിലെ പഠിക്കേണ്ടതായിരുന്നു .
നാലാം ക്ലാസ് കാരിയായിട്ടും ഇതൊന്നും അറിഞ്ഞില്ലെങ്കില്‍ എന്തൊരു മോശമാണെന്ന് നോക്കിക്കേ!”

“പറവാലേ.ഞാന്‍ സഹിച്ചു.”
പ്രിയ അവളുടെ കുഞ്ഞു ബാഗും തോളത്തിട്ടു പൊടിയും തട്ടി ഒരു പോക്ക് പോയി.

അന്ന് പ്രിയ കണക്കുകൂട്ടാന്‍ പഠിച്ചില്ല.

അന്നെന്നല്ല, പിന്നീടുള്ള ദിവസങ്ങളിലൊന്നും പ്രിയ കണക്കിനെ ഏഴയലത്ത് അടുപ്പിക്കാന്‍ സമ്മതിച്ചില്ല.
അനുദിനം നിരാശനായിക്കൊണ്ടിരുന്ന അതുല്‍ സാര്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങി.

“അഡീഷന്‍ പഠിച്ച് ഫുള്‍ മാര്‍ക്ക്‌ വാങ്ങിയാല്‍ പ്രിയയെ ഗ്രൂപ്പ് ലീഡര്‍ ആക്കിയിരിക്കും. കട്ടായം.”

“പോങ്ക സാര്‍, എനിക്ക് ഗ്രൂപ്പ് ലീഡര്‍ ഒന്നും ആവണ്ട.”
വാതില്‍പ്പടിക്കല്‍ നിന്നും തുള്ളിച്ചാടി പ്രിയ തിരിച്ചു നടന്നു.

“അഡീഷന്‍ പഠിച്ചാലുടന്‍ ഒരു വലിയ മില്‍ക്കി ബാര്‍ ചോക്കലേറ്റ് വാങ്ങിത്തന്നിരിക്കും”
സാര്‍ കിമ്പളം വാഗ്ദാനം ചെയ്തു.

“ഇരുപതു രൂപായുടെത്?”

“ആ, ഇരുപത് രൂപയുടേത്”
പ്രിയ ഉപവിഷ്ടയായി.

“അപ്പോള്‍ പറയ്‌. നാലും അഞ്ചും എങ്ങനെ കൂട്ടും?”

പ്രിയ തന്റെ കൈപ്പത്തി പുറത്തെടുത്തു സാര്‍ സൊല്ലിക്കൊടുത്ത തന്ത്രങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചു.
“ഫോര്‍ ഇന്‍ ദി ഫിന്ഗര്‍...അല്ലെ?”

“ആ അങ്ങനെ തന്നെ. “
പ്രിയ ശരിയുത്തരത്തിന്റെ പാതയിലാണെന്നറിഞ്ഞ സാറിനു ആവേശം മൂത്തു.

“ആന്‍ഡ്?”
ഇനിയെന്ത് എന്നറിയാതെ കണ്ഫ്യൂഷനിലായ പ്രിയ സാറിനെയും അരുണയെയും മാറിമാറി നോക്കി.

“ഇങ്ങോട്ട നോക്കിക്കേ.”
സാര്‍ ആന്ഗ്യവിക്ഷേപങ്ങളോടു കൂടി നിയമങ്ങളെല്ലാം ആവര്‍ത്തിച്ചു.

“ഫോര്‍ ഇന്‍ ദി ഫിന്ഗര്‍.”
പ്രിയ നാല് വിരലുകള്‍ വിടര്‍ത്തി.

സാറിനു സന്തോഷമായി.

“ഫൈവ് ഇന്‍ ദി മൈന്‍ഡ്, അല്ലെ സാര്‍?”
ആഹഹാ. ഇത് വരെ വളരെ ശരിയാണ്.

“ഇനി ആഫ്റ്റര്‍ ഫോര്‍, അല്ലെ സാര്‍?”

“അതെയതെ, ആഫ്റ്റര്‍ ഫോര്‍?”
സാറിന്റെ കണ്ണുകള്‍ വിടര്‍ന്നു.

“ആഫ്റ്റര്‍ ഫോര്‍, ഫൈവല്ലേ സാര്‍. കിട്ടിപ്പോയി സാര്‍. ആന്‍സര്‍ ഫൈവല്ലേ സാര്‍?”

പ്രിയ കയ്യിലെ വിരലെല്ലാം മടക്കി മേശപുറത്ത്‌ വെച്ചു.
സാറിനു എന്തെന്നില്ലാത്ത ദേഷ്യവും നിരാശയുമൊക്കെയായി.

വളരെ കഷ്ടപ്പെട്ട്, മൂപ്പര്‍ ഇരുപതു മിനുറ്റ് നീണ്ട ബൃഹത്തായ ഒരു ലക്ച്ചറില്‍ അഡീഷന്റെ ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം പറഞ്ഞു കൊടുത്തു.
ശേഷം, ആത്മവിശ്വാസത്തോടെ സാര്‍ പ്രിയയോട് വീണ്ടും അതേ ചോദ്യം ചോദിച്ചു.

“നാലും അഞ്ചും എത്രയാണ് പ്രിയാ?”

നാല് വിരലുകള്‍ മടക്കി, സാര്‍ പഠിപ്പിച്ച മന്ത്രം ചൊല്ലി പ്രിയ കൈവിരലുകള്‍ ഓരോന്നായി വിടര്‍ത്താന്‍ ആരംഭിച്ചു.

“ആഫ്റ്റര്‍ ഫോര്‍, ഫൈവ്, സിക്സ്, സെവെന്‍, എയ്റ്റ്....”

പറന്നു വന്ന ഒരു പൂമ്പാറ്റ പ്രിയയുടെ എണ്ണല്‍ ഭംഗപ്പെടുത്തി.

പൂമ്പാറ്റയെ പിടിക്കാനായി കയ്യെത്തിച്ച് പരാജയപ്പെട്ട പ്രിയ കൈ വിരലുകള്‍ മടക്കി മേശപ്പുറത്തു വെച്ചു.

എന്നിട്ട് നിഷ്കളങ്കമായ പുഞ്ചിരിയോടെ ചോദിച്ചു.

“സോല്ലുന്ക സാര്‍. എന്റെ കയ്യില്‍ എത്ര വിരലുണ്ടായിരുന്നു?”

സാറില്‍ അവശേഷിച്ചിരുന്ന തരിമ്പ്‌ പ്രത്യാശയും പൂമ്പാറ്റയോടൊപ്പം പറന്ന് എങ്ങോട്ടോ പോയി.

സാര്‍ ആയുധം വെച്ച് കീഴടങ്ങി.

നാലും മൂന്നും എത്രയാണെന്നു പഠിപ്പിച്ചു കൊടുക്കാന്‍ പോലും പറ്റാത്ത താനൊന്നും ഒരു സാര്‍ ആയി ഇനി ഒരു നിമിഷം പോലും ഇരുന്നു കൂടെന്നു തീരുമാനിച്ച സാര്‍ കൂടും കിടക്കയുമെടുത്ത് വാക്ക് ഔട്ട് നടത്താന്‍ തുടങ്ങി.

“അയ്യോ സാര്‍. പോവല്ലേ സാര്‍. സോറി സാര്‍”

പ്രിയ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് സാറിന്റെ പാന്റിന്‍ തുമ്പ് പിടിച്ചു വലിച്ചു.

“നീങ്ക സോല്ലിക്കൊടുങ്ക സാര്‍. നാങ്ക പഠിക്കലാം സാര്‍”

കണ്ണുകളില്‍ കുസൃതി തിളങ്ങുന്ന, കണ്ണ് തെറ്റിയാല്‍ ക്ലാസില്‍ ക്ലാസില്‍ പാറിപ്പറന്നു കളിക്കുന്ന, പത്തു സെക്കന്ഡ് കൂടുമ്പോള്‍ കുണുങ്ങിച്ചിരിക്കുന്ന, ഊര്‍ജ്ജത്തിന്റെ ഒരു കുഞ്ഞു ഡപ്പി പോലിരിക്കുന്ന ഈ പെണ്‍കുട്ടിയെ കണക്ക് പഠിപ്പിക്കാം എന്ന മോഹം അധ്യാപകശ്രേഷ്ഠന്‍ ഇതിനോടകം ഉപേക്ഷിച്ചിരുന്നു.

നിര്‍വികാരനായി ബെഞ്ചില്‍ ഇരുന്ന അതുല്‍ സാര്‍ വീണ്ടും കൈപ്പത്തി മുകളിലേക്ക് പൊന്തിച്ചു.
“ഫോര്‍ ഇന്‍ ദി മൈന്‍ഡ്. ത്രീ ഇന്‍ ദി ഫിന്ഗര്‍സ്. ആഫ്റ്റര്‍ ഫോര്‍..”

സാറിന്റെ കണക്കുകച്ചേരി സ്വരവും താളവും പാളവും തെറ്റി ഓടിക്കൊണ്ടേയിരുന്നു.

അന്നത്തെ ദിവസം പ്രിയ കണക്ക് കൂട്ടാന്‍ പഠിച്ചില്ല.

അന്നത്തെ ദിവസമെന്നല്ല, പിന്നീട് വന്ന ദിവസങ്ങളിലൊന്നും തന്നെ പ്രിയ കണക്കു കൂട്ടാന്‍ പഠിച്ചില്ല.

പഠിച്ചില്ലെന്നു മാത്രമല്ല, കണക്കും പ്രിയയും, അതിര്‍ത്തിത്തര്‍ക്കത്തില്‍ തെറ്റിപ്പിരിഞ്ഞ രണ്ടയല്‍ക്കാരെപ്പോലെ  കണ്ടാല്‍ മിണ്ടാതെ മുഖവും വീര്‍പ്പിച്ചു മാനം നോക്കി നടക്കാനും തുടങ്ങി.

പ്രിയ കണക്കിലേക്ക് എത്തണമെങ്കില്‍ കോഴിക്ക് പാലൂട്ടുന്ന രീതിയിലും കാക്കയ്ക്ക് മാനം നോക്കി പറക്കാവുന്ന രീതിയിലും സ്ഥായിയായ ജനിതകപരിവര്‍ത്തനങ്ങള്‍ വരേണ്ടിയിരിക്കുന്നു എന്ന് അതുല്‍ സാര്‍ നിരീക്ഷിച്ചു.

വികൃതികള്‍ക്ക് പഞ്ഞമില്ലാതിരുന്ന അതുല്‍ സാറിന്റെ ക്ലാസില്‍ പ്രിയയും കണക്കും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടം പതിയെ വാര്‍ത്തയല്ലാതായിത്തുടങ്ങി.
                                        ********************************
ഏറെ മാസങ്ങള്‍ക്ക് ശേഷം, ഒരു നാള്‍ ഉച്ചക്ക് വിശപ്പിന്റെ സൈറണ്‍ വിളി കേട്ട് താന്‍ വാങ്ങിച്ചു വെച്ച പൊതിയഴിച്ച് ആര്‍ത്തിയോടു കൂടി ചിക്കന്‍ ബിരിയാണി തിന്നു കൊണ്ടിരുന്ന അതുല്‍ സാറിന്‍റെ അടുത്ത് വന്ന് ആകാശ് ചോദിച്ചു.

“എന്ന സാര്‍, ഡെയലിയാ ബിരിയാണി മട്ടും താനാ സാപ്പിടുവീങ്കളാ?”
സാര്‍ ചിക്കനെ ചവച്ചിറക്കി നിശ്ചലനാക്കുന്നതിനു മുന്നേ രണ്ടു മൂന്നു വിരുതന്മാര്‍ ആകാശിന് പിന്തുണയുമായെത്തി.

“ആമാടാ. സാറെല്ലാം പെരിയ പണക്കാരന്‍. അന്ത പോക്കറ്റില് ലച്ചം രൂപാ വെച്ചിരിക്കാറു”
അജിത്ത് ഓടിയടുത്തു.

“ഡേയ് ഡേയ്, ബിരിയാണിക്ക് എവിടെടാ ലച്ചം രൂപ. ഒരു ആയിരം  രൂപാ താന്‍ ആകും”

“പോങ്കടെയ്. ആയിരം രൂപാ ഇരുന്താല്‍ ഒരു മാസം ഫുള്ളാ ബിരിയാണി കഴിക്കലാം, ഇല്ലയാ സാര്‍?”
കാര്‍ത്തിക്ക് വന്നു കൂതുഹലനായി.

അതുല്‍ സാറിലെ ചാക്കോ മാഷ്‌ ഉണര്‍ന്നു.
ഭൂഗോളത്തിന്റെ മാത്രമല്ല, ചിക്കന്‍ ബിരിയാണിയുടെയും സ്പന്ദനം കണക്കിലാണെന്ന് ബോധ്യപ്പെടുത്താന്‍ തീര്‍ച്ചപ്പെടുത്തി.

“ശരി. ഒരു ചിക്കന്‍ ബിരിയാണിക്ക് എണ്‍പത് രൂഫാ. അങ്ങനെയാണെങ്കില്‍ ആയിരം രൂഫായ്ക്ക്എത്ര ബിരിയാണി കഴിക്കാം?”

“ശ്ശെടാ.”
കാര്‍ത്തിക്ക് തല ചൊറിഞ്ഞു. തലമണ്ടയില്‍ യമണ്ടന്‍ ചിന്തകളെ തിളപ്പിക്കാനിട്ടിട്ടുണ്ടെന്ന് നടിച്ചു.

“ഒരു ബിരിയാണിക്ക് നൂറു രൂപാ.. അപ്പോ..”
സാറിനെ വിചാരണ ചെയ്യാനായി ആവേശത്തോടെ ചുറ്റും കൂടിയ സീ ഐ ഡി കള്‍ പതിയെ വാല് മടക്കി വലിയാനൊരുങ്ങി.

“യാരുക്കും തെരിയാതാ ആന്‍സര്‍?” ചാക്കോ മാഷ്‌ പുച്ഛഭാവം വിതറി.

“പന്ത്രണ്ടു താനേ സാര്‍? പന്തീരെട്ടു തൊണ്ണൂറ്റിയാറു. ബാക്കി നാല്‍പ്പതു രൂപ ഉങ്ക പോക്കറ്റില്‍ ഇരിക്കും സാര്‍”

പ്രിയയാണ്‌.

മാസങ്ങള്‍ക്ക് മുന്പ് കണക്കുമായുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ കണക്കിന് പരിക്കേറ്റ അതെ പ്രിയ തന്നെ.
ഇപ്പൊ തിരുമ്പി വന്തിരിക്കുന്നു!

“കറക്റ്റ് താനേ സാര്‍? ഇതെല്ലാമേ സിമ്പിള്‍ താനേ സാര്‍. ഇവന്കളുക്കെല്ലാം സുത്തമാ കണക്ക് വരവേ വരാത്’

ഞൊടിയിടയില്‍ പന്ത്രണ്ടിനെ കയ്യിലിട്ടു പെരുപ്പിച്ചു തൊണ്ണൂറ്റിയാറു ആക്കി മാറ്റിയ മാജിക്കുകാരിയെ ക്ലാസ് അത്ഭുതത്തോടെ നോക്കി നിന്നു.

“പാരുങ്ക സാര്‍. പ്രിയ സൂപ്പറാവേ ആന്‍സര്‍ സോല്ലീട്ടാങ്ക സാര്‍! കറക്റ്റ് താനേ സാര്‍?”

അമ്പരന്നു പോയ കാര്‍ത്തിക്കിന്റെ കണ്ണുകള്‍ അമ്പളങ്ങാ പോലെ മിഴിച്ചു വന്നു.

പ്രിയ കണക്കിലേക്ക് വന്നതല്ല; മറിച്ച്, കണക്ക്, വഴക്കെല്ലാം പൂര്‍ണമായും മതിയാക്കി പ്രിയയിലെക്ക് പാറിപ്പറന്നു വന്നതാണെന്ന് മനസ്സിലാക്കിയ അതുല്‍ സാറിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി, അതും ഇമ്മിണി ബലിയ ഒന്ന്, തത്തിക്കളിച്ചു നിന്നു. 

ഒന്നും ഒന്നും?

“ ടെക് യുവര്‍ നോട്ട്ബുക്ക് ആന്‍ഡ്‌കോപ്പി ദിസ്‌ ഡൌണ്‍! ” തലേന്ന് പഠിപ്പിച്ച സൌരയൂഥത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ബോര്‍ഡില്‍ എഴുത...